പൊന്മുടിയിൽ വികസനക്കുതിപ്പ്; റോപ്പ് വേയും പൈതൃക നടപ്പാത നവീകരണവും ഉൾപ്പെടെ 4 കോടിയുടെ പദ്ധതികൾ

Attingal vartha_20260629_213014_0000

പെരിങ്ങമ്മല: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ പൊന്മുടിയിൽ വികസനത്തിന് പുതിയ വേഗം പകരുന്ന പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ ₹4 കോടി വകയിരുത്തി. പൊന്മുടി–ബ്രൈമൂർ പൈതൃക നടപ്പാത നവീകരണം, പൊന്മുടി റോപ്പ് വേ, വിനോദസഞ്ചാരികൾക്കായുള്ള അമിനിറ്റി സെന്റർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊന്മുടിയുമായി ബന്ധപ്പെടുത്തി പെരിങ്ങമ്മല–ബ്രൈമൂർ മേഖലയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച ബ്രൈമൂർ–പൊന്മുടി കുതിരപ്പാത നവീകരിക്കുന്നതും റോപ്പ് വേ സ്ഥാപിക്കുന്നതും. പദ്ധതികൾ യാഥാർഥ്യമാക്കാൻ വനംവകുപ്പിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികൾ നേടേണ്ടതുണ്ട്.
പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് അമിനിറ്റി സെന്റർ സ്ഥാപിക്കുന്നത്. പദ്ധതി നടപ്പായാൽ പെരിങ്ങമ്മല, വിതുര, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മങ്കയം എക്കോ ടൂറിസം പദ്ധതിയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഇത് സഹായകരമാകും.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ പഠനത്തിനായി അന്ന് ₹50 ലക്ഷം വകയിരുത്തിയിരുന്നെങ്കിലും നടപടികൾ യോഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു.
“റോപ്പ് വേയും പൈതൃക പാത നവീകരണവും പൊന്മുടിയുടെ മുഖച്ഛായ മാറ്റും. പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും നേടി സമയബന്ധിതമായി നടപ്പാക്കും,” എന്ന് എം.എൽ.എ സുധീർഷാ പാലോട് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!