
ആറ്റിങ്ങൽ: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തിലെ തൂണുകളിൽ സ്ഥാപിച്ച പൂച്ചട്ടികളിലെ മുൾചെടികൾ കാൽനടയാത്രക്കാർക്ക് അപകടക്കെണിയാകുന്നതായി പരാതി.
ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ചട്ടികളിലെ ചെടികൾ ഫുട്പാത്തിലൂടെ നടക്കുന്നവരുടെ മുഖത്തും കണ്ണിലും തട്ടുന്ന തരത്തിൽ വളർന്നതിനാൽ അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് സമീപത്തെ സ്വകാര്യ ലാബിലേക്ക് പരിശോധനയ്ക്കായി എത്തിയ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി സുനീഷ് (46) ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ മുൾ മുഖത്ത് തട്ടി പരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് മുൾ കണ്ണിൽ തറയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, വീതി കുറഞ്ഞ ഫുട്പാത്തുകളിൽ അനധികൃത വാഹന പാർക്കിംഗും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റവും കാൽനടയാത്ര കൂടുതൽ ദുഷ്കരമാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
പൂച്ചട്ടികളിലെ മുൾച്ചെടികൾ അടിയന്തരമായി നീക്കം ചെയ്ത് പകരം അലങ്കാര പൂച്ചെടികൾ നട്ടുപിടിപ്പിക്കണമെന്നും ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


