
കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്മരുതി മുത്താനയിൽ വാക്കുതർക്കത്തെതുടർന്ന് യുവാവ് വിറകുകൊണ്ടുള്ള അടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അക്കരമംഗലം ക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ സുജിത്ത് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്കരമംഗലം ബി.എസ് ഭവനിൽ ബിനുവിനെ (29) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുൻപ് സുജിത്തും ബിനുവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 13ന് രാത്രി 9.30-ഓടെ സുജിത്ത് ബിനുവിന്റെ വീട്ടിലെത്തി വീണ്ടും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
തർക്കത്തിനിടയിൽ പ്രകോപിതനായ ബിനു, തന്റെ വീടിനു മുന്നിൽ കൂട്ടിയിട്ടിരുന്ന വിറകുകൂട്ടത്തിൽ നിന്നും വിറകുകഷണം എടുത്ത് സുജിത്തിന്റെ തലയിലും മറ്റും പലതവണ മാരകമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.


