
കാട്ടാക്കട : പരുത്തിപ്പള്ളി മുക്കോട്ടുമല എസ്റ്റേറ്റിന് സമീപം കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ സ്കൂൾ കായികാധ്യാപകനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വെള്ളറട ദാസ് ഹൗസിൽ ഡെനിൻദാസ് (44) ആണ് അറസ്റ്റിലായത്. വെള്ളറട വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ് ഇയാൾ.
പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടുപോത്തിനെ വേട്ടയാടിയ എസ്റ്റേറ്റിന് സമീപത്തെ തോട്ടത്തിലെ കാവൽക്കാരനായ പൂവച്ചൽ കാക്കാമുകൾ സ്വദേശി സുകുമാരൻ കുട്ടിനായർ (65), കാക്കാമുകൾ ചോതി നിവാസിൽ ചന്ദ്രദാസ് (65) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ ഡെനിൻദാസ്. കേരളത്തിൽ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ ഇറച്ചി തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്ക് സംഘം എത്തിച്ചുനൽകുന്നതായാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് രണ്ടാം തവണയാണ് സംഘം നായാട്ട് നടത്തുന്നതെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, എ.ഒ. അനിൽ, ബി.എഫ്.ഒമാരായ റോയ്, റോഷ്നി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ നെടുമങ്ങാട് വനംകോടതി റിമാൻഡ് ചെയ്തു.


