
വായന ആത്മവിശ്വാസവും പ്രതീക്ഷകളും വളർത്തുന്നതിനാൽ വിദ്യാർത്ഥികൾ വായനശീലമാക്കണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു .
യുവഎഴുത്തുകാരിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ അറ്റ് ചെന്നൈ” എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മുന്നോട്ടു നയിച്ച ശാസ്ത്രപ്രതിഭകളെയും സാമൂഹികനായകരെയും സൃഷ്ടിച്ചത് വായനയാണെന്നും ആധുന സാങ്കേതികത വായനക്ക് പുതിയ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമേൽ സൗഹാർദ്ദ സമിതിയും ഭഗത്സിംങ് ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സൗഹാർദ്ദ സമിതി ഗ്രന്ഥശാല സെക്രട്ടറി എ.സുലൈമാൻ അദ്ധ്യക്ഷനായി. ഭഗത് സിംങ് ഗ്രന്ഥശാല സെക്രട്ടറി അൽജിഹാൻ സ്വാഗതം പറഞ്ഞു.
സൗഹാർദ്ദ സമിതി ഗ്രന്ഥശാലപ്രസിഡൻ്റ് എം.സജീബ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എം. നസീർ,പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറി ആർ. അശോകൻ,ഭഗത്സിംഗ് ലൈബ്രറി പ്രസിഡണ്ട് എൻ.നിയാസ്,ലൈബ്രറേറിയൻമാരായ സമീന ഷാഹുൽ,അഖിൽ ബാബു സി.എസ്എന്നിവർസംസാരിച്ചു. ചടങ്ങിൽ അമൃത ലക്ഷ്മിയെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


