
ആറ്റിങ്ങൽ : നഗരസഭ 12-ാം വാർഡിൽ പ്രവർത്തിക്കുന്ന അഞ്ചാം നമ്പർ അങ്കണവാടിയെ ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിയായി തിരഞ്ഞെടുത്തു.
വനിത ശിശുവികസന വകുപ്പിനു കീഴിലെ സംസ്ഥാനതല സംഘം കഴിഞ്ഞ മാസം നേരിട്ടു നടത്തിയ പരിശോധനക്ക് ശേഷമാണ് ഒന്നാം സ്ഥാനത്തേക്ക് ഈ അങ്കണവാടിയെ തിരഞ്ഞെടുത്തത്.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ സുരക്ഷിതത്വം, ശുചിത്വം, ശിശു സൗഹൃദ പ്രവർത്തനങ്ങൾ, കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിൻ്റെ ലഭ്യതയും ഗുണവും, അടുക്കള ശുചിമുറി ന്യൂട്രി ഗാർഡൻ, മറ്റു പലയിനം കൃഷികൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ പരിശോധന സംഘം നേരിട്ടു കണ്ട് വിലയിരുത്തിയിരുന്നു.
കൂടാതെ ഡിജിറ്റൽ രേഖകളായി സൂക്ഷിക്കുന്ന പോഷൻ ട്രാക്കർ എന്ന ആപ്ലിക്കേഷനിലെ ഡൈലി മോണിറ്ററിംഗ് സിസ്റ്റത്തിൻ്റെ പ്രവർത്തനവും പരിശോധിച്ചു.
ഏകദേശം 40 വർഷത്തോളമായി അങ്കണവാടി ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട്.
ഈ മേഖലയിൽ 35 വർഷത്തെ അധ്യാപന പരിചയമുണ്ട് ടീച്ചറായ മാജിതക്ക്.
നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അങ്കണവാടിയിലെത്തി മാജിത ടീച്ചറെ പൊന്നാടയണിച്ച് ആദരിച്ചു.
യഥാസമയം അങ്കണവാടി കെട്ടിടത്തിനു നടത്തിയെടുക്കേണ്ട അറ്റകുറ്റ പണികളുൾപ്പെടെയുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നടപ്പിലാക്കുന്നതിൽ മാജിത ടീച്ചറുടെ കഠിന പ്രയത്നമുണ്ടെന്ന് നഗരസഭ അധ്യക്ഷൻ അറിയിച്ചു.
നിലവിൽ 10 കുട്ടികളാണ് പഠനത്തിനായി ഇവിടേക്ക് എത്തുന്നത്.
ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. എം. താഹ, കൗൺസിലർ നയന അനീഷ്, ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രോഗ്രാം ഓഫീസർ സജിത, സൂപ്പർവൈസർ രുഗ്‌മിണി, രക്ഷാധികാരികളായ ഭാസി, വിജയൻ, സതീഷ്, ഗിരിജ, പ്രീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


