പള്ളിക്കൽ : അനധികൃത വിദേശമദ്യ കച്ചവടം നടത്തി വന്നയാളെ പള്ളിക്കൽ പോലീസ് പിടികൂടി.മടവൂർ പുലിയൂർക്കോണം, അടുകോട്ടുകോണം, സലിം മൻസിലിൽ സലിം (53) ആണ് പിടിയിലായത്.
2022 ജനുവരി 15 ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുലിയൂർ കോണം ഭാഗത്ത് സ്ഥിരമായി വിദേശ മദ്യം കച്ചവടം നടത്തി വന്നിരുന്ന സലീമിനെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശം നിന്നും വില്പനയ്ക്ക് വെച്ചിരുന്ന 7 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. പുലിയൂർക്കോണത്തുള്ള പ്രതിയുടെ വീട്ടിലെ പറമ്പിൽ ആരും കാണാതെ കുഴിച്ചിട്ട നിലയിലായിരുന്നു മദ്യകുപ്പികൾ. മദ്യപാനികളുടെ സ്ഥിരം ശല്യമുള്ള സ്ഥലമാണ് പുലിയൂർക്കോണം. നിരവധി യുവാക്കൾ ഇയാളുടെ കൈവശം നിന്നും മദ്യം വാങ്ങി ഉപയോഗിക്കാറുണ്ട്. തുടർന്ന് ഒരുപാട് പരാതികൾ നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥിന്റെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്.ഐ സഹിൽ എം, എസ്.സി.പി.ഒ മാരായ രാജീവ്, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ മദ്യം സഹിതം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.