പള്ളിക്കൽ : പള്ളിക്കലിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ വിൽപ്പന നടത്താൻ ആയി കഞ്ചാവ് കൊണ്ടുനടന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി മധു (22), പൂയപ്പള്ളി പയ്യൻകോട്, ടി ആർ മൻസിൽ ഹലീൽ (22) എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂതല താഴെ ഭാഗം പള്ളിക്കൽ പുഴ പാലത്തിനുസമീപം സ്കൂൾ കുട്ടികൾക്കും മറ്റുമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിന് പൾസർ ബൈക്കിലെത്തിയ പ്രതികളിൽ നിന്ന് 2 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി.
കഴിഞ്ഞദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. സ്കൂൾകുട്ടികൾക്കും മറ്റുമായി പള്ളിക്കൽ പാലത്തിനു സമീപം വച്ച് കഞ്ചാവ് കൈമാറുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.ഡിജിറ്റൽ ത്രാസ്, ചെറിയ പാക്കറ്റുകൾ, സീൽ ചെയ്യുന്നതിനുള്ള ടേപ്പുകൾ തുടങ്ങിയവ പ്രതികളുടെ ബാഗിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവർ വന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം കഞ്ചാവും ലഹരി മരുന്നുകളും പിടികൂടുന്നതിനുള്ള റെയ്ഡ് നടത്തുന്നതിനിടെയാണ് പ്രതികളുടെ അറസ്റ്റ്. പ്രതികൾ ഇരുവരും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പഠിക്കുന്നവരാണ്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ കഞ്ചാവ് വിൽപന നടത്തുന്നത്. വളരെ നാളുകളായി ഇവർ കഞ്ചാവ് വിൽപന നടത്തിവരുന്നു. ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും കോളെജ് വിദ്യാർത്ഥികൾക്കും ചെറിയ പാക്കറ്റുകൾ ആക്കിയാണ് കഞ്ചാവ് നൽകുക. ഇവരെ പിടികൂടുക അത്ര എളുപ്പമല്ല.ഓർഡർ ലഭിക്കുന്നതിനനുസരിച്ച് കഞ്ചാവ് സുരക്ഷിത സ്ഥലത്ത് വെച്ച് കൈമാറുകയാണ് ഇവരുടെ പതിവ് രീതി. പണം ഗൂഗിൾ പേ വഴി കൈമാറും. ഒരു പാക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐമാരായ സഹിൽ എം, ബാബു, അനിൽ, സിപിഒമാരായ അജീസ്,ഷമീർ, സിയാസ്,രഞ്ജിത്ത്,സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു