കല്ലമ്പലം :തോട്ടയ്ക്കാട് ചാങ്ങാട്ട് ഭഗവതിക്ഷേത്രത്തിൽ വൻ കവർച്ച. കഴിഞ്ഞ ദിവസം അർധ രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് പ്രഥമിക നിഗമനം.
ക്ഷേത്രത്തിലെ കിഴക്കേ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാല, സ്വർണ്ണ താലികൾ,സ്വർണ്ണ പൊട്ടുകൾ എന്നിവ നഷ്ടമായി. നാലമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കണിയ്ക്ക വഞ്ചികൾ ക്ഷേത്രത്തിന്റെ പുറത്ത് എത്തിക്കുകയും അവിടെ വച്ച് പൊളിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ചില്ലറ തുട്ടുകൾ ഉപേക്ഷിച്ച മോഷ്ടാക്കൾ നോട്ടുകൾ മാത്രമാണ് കൊണ്ടു പോയത്.ക്ഷേത്രത്തിനു ചുറ്റും പതിനാറോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഓഫീസിനകത്തു സ്ഥാപിച്ചിരുന്ന ക്യാമറ കൺട്രോളറും ഡി. വി ആർ സിസ്റ്റവും മോഷണംപോയി. ക്ഷേത്രത്തിനു മുൻവശത്തുള്ള ഹൈ മാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത നിലയിലായിരുന്നു.
പോലീസിന്റെ ഭാഗത്തുള്ള പരിശോധനകൾ പൂർത്തീകരിച്ചു കഴിഞ്ഞു മാത്രമേ എന്തൊക്കെയാണ് നഷ്ടപെട്ടത് എന്ന് പൂർണമായി കണ്ടെത്താൻ കഴിയുകയുള്ളു എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരുന്നു.