മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി 6 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 1 കോടി 45 ലക്ഷം രൂപ അനുവദിച്ച് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.ഇതിന്റെതുടര്പ്രവര്ത്തനങ്ങളായാണ് 4 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഒരുങ്ങുന്നത്. ഗ്രൗണ്ട് ഫ്ലോറില്‍ ഒ.പി.വിഭാഗവും, ഒന്നാമത്തെ നിലയില്‍ ലേബര്‍ റൂം ഉള്‍പ്പെടുന്ന ഗൈനക് വിഭാഗവും, രണ്ടാം നിലയില്‍ ഐ.സി.യു. ഉള്‍പ്പെടുന്ന സര്‍ജറി വിഭാഗവും, മൂന്നാം നിലയില്‍ ജനറല്‍ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ്. നിലവിലെ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം പുതിയ പദ്ധതി പ്രകാരമുള്ള കെട്ടിട നിര്‍മ്മാണവും ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള എം.സി റോഡ് സൈഡിലുള്ള ഏക ആശുപത്രി കൂടിയാണിത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകുന്നതോടെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന പ്രധാന ആശുപത്രിയായി ഇത് മാറും.