വാമനപുരം–ചിറ്റാർ റോഡിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. പബ്ലിക് വർക്ക്സ് മോണിറ്ററിങ് സംവിധാനത്തിലൂടെ മരാമത്ത് പണികളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിലാണ് വീഴ്ച വരുത്തിയ കരാറുകാരൻ തോപ്പിൽ നിസാമുദീനെ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചത്. യോഗത്തിൽ ഡി കെ മുരളി എംഎൽഎ കരാറുകാരനെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ഡി കെ മുരളി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് 31.7 കോടി രൂപ റോഡിനായി വകയിരുത്തിയത്. മണ്ഡലത്തിന്റെ സ്വപ്ന പദ്ധതി കൂടിയായിരുന്നു ഈ റോഡിന്റെ നിർമാണം. എന്നാൽ, നിർമാണത്തിൽ വലിയ വീഴ്ചയാണ് കരാറുകാരൻ വരുത്തിയത്. നിരവധി തവണ റോഡ് പണി വേഗത്തിലാക്കണമെന്ന് നിർദേശങ്ങൾ നൽകിയെങ്കിലും വീഴ്ച വരുത്തുകയായിരുന്നു. കരാറുകാരനെ ടെർമിനേറ്റ് ചെയ്തശേഷം ബാക്കി പ്രവൃത്തികൾ റീ- ടെൻഡർ ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. വെഞ്ഞാറമൂട് ഇന്നർ റിങ് റോഡിന്റെ പാച്ച് വർക്കുകൾ അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചു.