കല്ലമ്പലം: പാരിപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. വിവിധ കേസുകളിൽ പ്രതിയായ ചാവർ കോട് മലച്ചിറ കോട്ടയ്ക്കകം വീട്ടിൽ അനസിനെയാണ് റിമാൻഡ് ചെയ്തത്. പരിക്കേറ്റ പോലീസുകാർ അപകട നില തരണം ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം പാരിപ്പള്ളി ജംഗ്ഷനിലാണ് സംഭവം. 2018ൽ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് അനസിനാണ് പിടികൂടാനാണ് ആറോളം വരുന്ന പോലീസുകാർ പാരിപ്പള്ളിയിൽ എത്തിയത്. പോലീസ് ഉത്തരവ് പ്രകാരം പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടുന്നതിനു ഓരോ സ്റ്റേഷനിലെയും എസ്ഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ കല്ലമ്പലം സ്റ്റേഷനിൽ എസ്ഐ ജയനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അനസിനെ പിടികൂടാൻ പാരിപ്പള്ളിയിൽ എത്തുന്നത്. വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള അനസിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗുണ്ടാ നേതാവും ലഹരി കടത്തും അക്രമവും സ്ഥിരമാക്കിയ പ്രതി കൈ വിരലുകൾക്ക് ഇടയിൽ ബ്ലേഡ് വെച്ചാണ് നടക്കുന്നത്. ഇതിനിടയിൽ പ്രതി നിരവധി പേരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്. ഐ ജയൻ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്, ശ്രീജിത്ത്, ചന്തു എന്നിവർ ഉൾപ്പെട്ട സംഘം മഫ്തിയിലാണ് പ്രതിയുള്ള സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ട പ്രതി ഓടുകയും സഹസികമായി പിടികൂടുകയും ചെയ്തു. അപ്പോഴാണ് പ്രതി കത്തി ഉപയോഗിച്ച് പോലീസുകാരെ കുത്തിയത്. എസ് ഐ ജയനെ നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പിച്ചത് തടയാന്‍ ശ്രമിച്ച ശ്രീജിത്തിന്റെ നട്ടെല്ലിന് സമീപമായി കുത്തേറ്റു. വിനോദിന്റെ കാലിനാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും ഇയാളെ പൊലീസ് സംഘം സാഹസികമായി പിടികൂടി. ജീവൻ പണയം വെച്ചാണ് പോലീസുകാർ രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലത്ത് എത്തിച്ചത്. വാഹനത്തിൽ വെച്ച് നിരവധി തവണ പ്രതി പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ സ്റ്റേഷനിൽ പ്രതിയെ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് പോയത്.
കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി നൽകുന്ന പ്രതിയെ പോലീസ് പിടികൂടുമ്പോഴും ഇയാളുടെ പക്കൽ രണ്ട് സിറിഞ്ചുകൾ ഉണ്ടായിരുന്നു. സിന്തറ്റിക്ക് ഡ്രഗ്സാണ് പ്രതി കുട്ടികൾക്ക് ഉൾപ്പെടെ കച്ചവടം നടത്തി വന്നിരുന്നത്. പോലീസിനു നേരെ ബോംബ് എറിഞ്ഞ കേസിലും 28 ആം മൈലിൽ ക്ലബിൽ ബോംബ് എറിഞ്ഞ കേസിലും ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയാണ് അനസ്.
പരിക്ക് പറ്റിയ പോലീസുകാർ അപകടനില തരണം ചെയ്തു. രണ്ടു പേർ ആശുപത്രിയിലും രണ്ടു പേർ വീടുകളിലും വിഷമത്തിലാണ്. പ്രതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പാരിപ്പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസുകാരെ ആക്രമിച്ച കേസിൽ പാരിപള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.