Search
Close this search box.

മോഷണക്കേസ് പ്രതി മാരക ലഹരിമരുന്നുമായി പള്ളിക്കൽ പോലീസിന്റെ പിടിയില്‍.

ei671YS14474

മോഷണക്കേസ് പ്രതി മാരക ലഹരിമരുന്നുമായി പള്ളിക്കൽ പോലീസിന്റെ പിടിയില്‍. കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പാരിപ്പള്ളി സ്വദേശി നന്ദു ബി.നായരെ(28)യാണ് എം.ഡി.എം.എ. ലഹരിമരുന്നുമായി പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകനായ നന്ദു അറുപതോളം കേസുകളില്‍ പ്രതിയാണ്.
മാര്‍ച്ച് 30-ന് പുലര്‍ച്ചെയാണ് കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ മോഷണം നടന്നത്. മാര്‍ക്കറ്റിലെ ഓഫീസ് മുറിയിലെ മേശ കുത്തിത്തുറന്ന് 35,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാരിപ്പള്ളി സ്വദേശി നന്ദു ബി.നായര്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എ. ലഹരിമരുന്നും കണ്ടെടുക്കുകയായിരുന്നു.

മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ചാക്കേസില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. സംഭവസമയം ഓവര്‍കോട്ടും ഹെല്‍മെറ്റും ധരിച്ച യുവാവ് മാര്‍ക്കറ്റില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങിനടക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് തീവെട്ടി ബാബുവിന്റെ മകന്‍ നന്ദുവാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചടയമംഗലത്ത് നിന്ന് നന്ദുവിനെ പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നന്ദുവിന്റെ പക്കല്‍നിന്നും 7.5 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്ന് കണ്ടെടുത്തത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിനും 10000 മുതല്‍ 20000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. യുവാക്കളും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുമാണ് ഇയാളില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നതെന്നും പോലീസ് പറഞ്ഞു.

മാര്‍ക്കറ്റിലെ മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാരകായുധങ്ങളും മോഷ്ടിച്ച പണവും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. നന്ദുവിനെതിരേ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അറുപതോളം കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. മോഷണം, പിടിച്ചുപറി, കഞ്ചാവ് വില്പന, പോക്‌സോ, അടിപിടി കേസുകളാണ് ഇവയെല്ലാം.

പള്ളിക്കല്‍ പോലീസ് പിടികൂടിയതിന് പിന്നാലെ കല്ലമ്പലത്ത് മെഡിക്കല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയതും ചടയമംഗലത്ത് സ്‌കൂളുകളില്‍നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കല്ലമ്പലത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്ന് സിറിഞ്ചുകള്‍ മോഷ്ടിച്ചത് ലഹരിമരുന്ന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഇയാളുടെ മൊഴി. ഈ കേസുകളിലും വൈകാതെ നന്ദുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പള്ളിക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!