കല്ലമ്പലം : ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം വൈദ്യുതി കമ്പി തട്ടി മരത്തിൽ തീ പിടിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് റോഡ് വശത്ത് നിന്ന് മാവിന്റെ വലിയ കൊമ്പിൽ നിന്ന് തീയും പുകയും ഉയർന്നത്. പുലർച്ചെ കാക്കകൾ വൈദ്യുതി കമ്പിയിലും സമീപത്ത് കൂടി കടന്നു പോകുന്ന 11 കെവി ലൈനിലും തട്ടി തീപ്പൊരി ഉണ്ടാവുകയും തുടർന്ന് സമീപത്ത് നിന്ന മരത്തിന്റെ ശിഖരത്തിൽ വൈദ്യുതി കമ്പി തട്ടി തീ ഉണ്ടാവുകയുമാണ് ചെയ്തത്. മണമ്പൂർ പഞ്ചായത്ത് പരിധിയിൽ അഞ്ചാം വാർഡിലാണ് ഈ പ്രദേശം ഉൾകൊള്ളുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് മെമ്പർ റാഷിദ് പഞ്ചായത്ത് പ്രസിഡന്റ് എ നഹാസിനെ അറിയിക്കുകയും തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരം വെള്ളം ചീറ്റി തീ അണച്ച് അപകട സാധ്യത ഒഴിവാക്കി. എങ്കിലും മരത്തിൽ ഇനിയും വൈദ്യുതി കമ്പി തട്ടാനും ഇത്തരത്തിൽ തീ പിടിക്കാനുമുള്ള സാധ്യത മനസ്സിലാക്കി നാഷണൽ ഹൈവേ അതോറിറ്റിക്കും കെഎസ്ഇബിക്കും കത്ത് കൊടുത്ത് അടിയന്തരമായി മരത്തിന്റെ ശിഖരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചുവെന്ന് മെമ്പർ റാഷിദ് അറിയിച്ചു.ഫയർ ഫോഴ്സിനെ എത്തിച്ചു ഉടൻ തന്നെ തീ അണച്ചത് വൻ അപകടം ഒഴിവാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
