വിളപ്പിൽശാല സ്വദേശിയിൽ നിന്നും 64 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി നൈജീരിയൻ സ്വദേശിയായ കിങ്സ്‌ലി ജോൺസൻ ചക്വാച്ച (32) പുണെ ചിഖലിയിലെ കോളനിയിൽ നിന്നും തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിദേശ ബാങ്കിൽ നിന്നും കോടിക്കണക്കിനു ഡോളർ വാഗ്ദാനം ചെയ്ത ശേഷം ഈ തുക ട്രാൻസ്ഫർ ചെയ്യാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 64 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പിന് ഉപയോഗിച്ച രേഖകളുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ഇയാളിൽ നിന്ന് എടിഎം – ക്രെഡിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും പാസ് ബുക്കുകളും കണ്ടെത്തി. അനധികൃതമായാണ് രാജ്യത്ത് തങ്ങിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കേസിലെ മറ്റൊരു പ്രതിയായ മലൈക്ക മാർഷൽ ഫ്രാൻസിസിനെ പൂണെ ചിഞ്ചുവാഡയിൽ നിന്നും കഴിഞ്ഞ മാസം സൈബർ പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പു നടത്തി ലഭിച്ച പണം നൈജീരിയയിലേക്ക് കടത്തിയതാണ് വിവരം. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.എസ്. രതീഷ്, സബ് ഇൻസ്‌പെക്ടർ ഷംഷാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിമൽ കുമാർ, ശ്യാം കുമാർ, അദീൻ അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.