ബൈക്കുകൾക്ക് പോകാൻ വഴി കൊടുത്തില്ലെന്നു ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ച 4 യുവാക്കൾ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 20 ഗ്രാം കഞ്ചാവും പിടികൂടി. കരകുളം വാഴവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന ഗോകുൽ കൃഷ്ണൻ (22), വട്ടിയൂർക്കാവ് കുലശേഖരം കൊടുങ്ങാനൂർ ലക്ഷം വീട്ടിൽ മുനീർ (20), കൊടുങ്ങാനൂർ മൂന്നാംമൂട് അമ്പ്രക്കുഴി വീട്ടിൽ കാർത്തിക് (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണു വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും ഐഎൻടിയുസി യൂണിറ്റ് സെക്രട്ടറിയുമായ പുളിയറക്കോണം മൈലാടി പാറയ്ക്കൽ വീട്ടിൽ ആർ. ഹരി പ്രേം (54), ഡ്രൈവർ കോഴിക്കോട് സ്വദേശി വി.കെ.ശ്രീജിത് (40) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് വിളപ്പിൽ മൈലാടി പാലയ്ക്കൽ എന്ന സ്ഥലത്തു വച്ചാണ് ആക്രമണം.