പണി പൂർത്തിയാക്കി ഉദ്ഘാടനം കാത്തുകിടക്കുന്ന ആറ്റിങ്ങൽ പൂവൻപാറ – മൂന്നുമുക്ക് ദേശീയപാതയിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തോളം സ്ഥലത്ത് പൈപ്പുകൾ പൊട്ടി. ഇന്ന് രാവിലെ മുതൽ ആറ്റിങ്ങൽ കെഎസ്ആർടിസി ജംഗ്ഷന് സമീപം റോഡിനു മധ്യത്തിൽ പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച റോഡിനാണ് ഈ ദുർഗതി. ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം 16.5 കോടി രൂപ ചെലവിലാണ് വീതികൂട്ടി നാലുവരിപാതയാക്കി നവീകരിച്ചത്. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽതന്നെ റോഡിനടിയിൽ കൂടി കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനായി അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള തുക അനുവദിച്ചില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന പൈപ്പ് ലൈൻ റോഡിന്റെ വശത്തേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചില്ല. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റോളർ മെഷീനുകളും, വൈബ്രേറ്ററുകളും ഉപയോഗിച്ചപ്പോൾ പഴയ പൈപ്പുകളുടെ കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് ഇളക്കം സംഭവിച്ചതാണ് ഇപ്പോൾ തുടർച്ചയായി പൈപ്പുകൾ പൊട്ടാൻ കാരണം. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് കൂടി 400mm കനത്തിലുള്ള പ്രധാന വിതരണ ലൈനും, പടിഞ്ഞാറുഭാഗത്തുകൂടി 90mm കനത്തിലുള്ള വിതരണ ലൈനുമാണ് കടന്നു പോയിരുന്നത്. റോഡിന്റെ വീതി ഇരുവശത്തും വർദ്ധിച്ചതോടെ പൈപ്പുകൾ റോഡിന്റെ മധ്യഭാഗത്തു കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പൈപ്പുകൾ പൊട്ടുമ്പോൾ റോഡിന്റെ മധ്യഭാഗത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെടും. ഒരുതവണ പൈപ്പ് പൊട്ടുമ്പോൾ ലക്ഷക്കണക്കിനു ലിറ്റർ ശുദ്ധീകരിച്ച ജലമാണ് നഷ്ടപ്പെടുന്നത്. ദിവസങ്ങളോളം കുടിവെള്ളവും മുടങ്ങും. ശുദ്ധജലത്തിനായി വാട്ടർ അതോറിറ്റി മാത്രം ആശ്രയിക്കുന്ന ചിറയിൻകീഴ്, വക്കം, അഞ്ചുതെങ്ങ് മേഖലകളിലേക്ക് ജനം കൊണ്ടു പോകുന്നതും ഈ പൈപ്പ് വഴിയാണ്. പൈപ്പ് പൊട്ടുമ്പോൾ ഈ മേഖലകളിലും കുടിവെള്ളം ലഭിക്കാതെ വരും. മാത്രമല്ല ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും ശരിയാക്കുന്നതിന് ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരും. ഇതിനിടയിലും റോഡിന്റെ ഉദ്ഘാടനം വളരെ വേഗത്തിൽ നടത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് അധികൃതർ.