തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കും : മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഐ.എൽ.ജി.എം.എസ് സേവനം ഏർപ്പെടുത്തി

സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. നാടിന്റെ വളർച്ചയും വികസനവും നവീകരണ പ്രക്രിയയിൽ അധിഷ്ഠിതമാണെന്നും ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം) പദ്ധതിയുടെ സംസ്ഥാനതലപ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുന്ന ജനാധിപത്യത്തിന്റെ പുതിയ തലമാണ് ഇപ്പോൾ കാണുന്നതെന്നും കേരളത്തിലെ 941 പഞ്ചായത്തുകളിലും ഐ.എൽ.ജി.എം.എസ് വഴി 274 സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) ന്യൂതന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയർ (ഐ.എൽ.ജി.എം.എസ്) വികസിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാനും ഇതു വഴി സാധിക്കും.

അപേക്ഷകളും പരാതികളും പൊതുജനങ്ങൾക്ക് മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ചും അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങൾ, പഞ്ചായത്ത് കുടുംബശ്രീ ഹെൽപ്ഡെസ്‌ക് എന്നിവ വഴിയും ഓൺലൈനായി സമർപ്പിക്കാം. അതിന് കഴിയാത്തവർക്ക് പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് വഴി, നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫീസ് ഉൾപ്പെടെ ഓൺലൈനായി അടക്കാം. രസീത്, തുടർനടപടി വിവരങ്ങൾ എന്നിവയും ഓൺലൈനായി തന്നെ ലഭ്യമാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ അപേക്ഷ തീർപ്പാക്കുന്നതിൽ മുൻഗണനാക്രമം പാലിക്കപ്പെടുകയും ഓഫീസുകൾ കടലാസുരഹിതമായി മാറുകയും ചെയ്യും.

പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പ്രേംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം ഉഷ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!