കാപ്പിൽ ഗവ. എൽ.പി സ്കൂൾ പുനരുദ്ധരിക്കുന്നതിന് ഇടവ ഗ്രാമപഞ്ചായത്ത് സമഗ്രപദ്ധതി തയ്യാറാക്കിയതായി ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അറിയിച്ചു. സ്കൂൾ കെട്ടിട പുനരുദ്ധാരണത്തിനായി 2021-22 സാമ്പത്തികവർഷം 2.20 ലക്ഷം രൂപ പഞ്ചായത്ത് വിഹിതമായി വകയിരുത്തിയിരുന്നു. എന്നാൽ, കരാറുകാരൊന്നും പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് സമഗ്ര പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്.ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാൽ 2022 -23 സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.സതീശൻ അറിയിച്ചു. പാചകപ്പുര, ടോയ്ലറ്റ്, എന്നിവ പുനരുദ്ധരിക്കുന്നതിനും പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അതിർത്തി സംരക്ഷണഭിത്തി നിർമിക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അറിയിച്ചു. കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു