ആറ്റിങ്ങലിൽ നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെതുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാടുള്ള ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവിടെ ആര്യോഗവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സംഘം സാമ്പിളുകള്‍ ശേഖരിച്ചു.ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.
21 പേർ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രിയോടെ ആറ്റിങ്ങൽ ആലംകോട് നിന്നും വയനാട്ടിലേക്ക് പോയത്. ആലംകോട്, വഞ്ചിയൂർ, മടവൂർ സ്വദേശികളായ ബന്ധുക്കളുടെ സംഘമാണ് അവധി ആഘോഷത്തിനായി വഞ്ചിയൂർ തിരുവാതിര ട്രാവൽസിന്റെ ചങ്ക്‌സ് ബസിൽ യാത്ര പോയത്. ഇന്നലെ രാവിലെ ഹോട്ടലിൽ നിന്ന് പൂരി കഴിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ വൈകുന്നേരത്തോടെ കൂടുതൽ അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ബസ്സിന്റെ ഡ്രൈവർ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു. 21 പേരും പൂരി കഴിച്ചെങ്കിലും പല കറികളാണ് എല്ലാവരും കൂട്ടിയത്. അതുകൊണ്ടാണ് പൂരിയിൽ നിന്നാണോ വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നതെന്ന് പറയുന്നു. ഉച്ചയ്ക്ക് മറ്റൊരു ഹോട്ടലിൽ നിന്ന് പലരും വിഭവങ്ങൾ മാറി കഴിച്ചതും പൂരി കഴിച്ച ഹോട്ടലിനെ സംശയിക്കാൻ കാരണമാകുന്നു. എന്നാൽ പൂരി കഴിച്ച ഹോട്ടലിൽ നിന്ന് കുടിച്ച വെള്ളത്തിൽ സോപ്പിന്റെ മണം അനുഭവപ്പെട്ടതായും ചിലർ പറയുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടുന്ന 15 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും 6 പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 5 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്നവർക്കാണ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത്. മറ്റുള്ള 9 പേർ നിരീക്ഷണത്തിലാണ് ഇവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.