തൊളിക്കോട് വില്ലേജിൽ വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ(60) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കൊല്ലപ്പെട്ട സുന്ദരൻ്റെ മകളുടെ ഭർത്താവും, പനവൂർ വില്ലേജിൽ ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വീട്ടിൽ സുന്ദരേശൻ മകൻ രാകേഷ്(35) എന്നു വിളിക്കുന്ന വിനോദിനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.അജിത്കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷയെ കുറിച്ച് നാളെ വിധി പറയും.
18-11-2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി രാകേഷ് കൊല്ലപ്പെട്ട സുന്ദരൻ്റെ മകൾ പ്രിയയുടെ ഭർത്താവായിരുന്നു. പ്രിയയുടെ വിവാഹശേഷം സുന്ദരൻ്റെ വിതുരയിലെ വീട്ടിലായിരുന്നു പ്രതിയും മകളുമായി താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം വിളമ്പാൻ ആവശ്യപ്പെട്ട സമയം ആഹാരം കൊടുക്കുന്നതിന് ഉണ്ടായ കാലതാമസത്തിന് മകൾ പ്രിയയെ പ്രതി ചീത്ത വിളിച്ച് ദേഹോപദ്രവം ഏൽപിച്ചത് തടയാൻ ശ്രമിച്ച പിതാവ് സുന്ദരനെ വീടിനകത്തുണ്ടായിരുന്ന ‘ഇരിയ്ക്കപ്പലക’ എടുത്ത് സുന്ദരൻ്റെ തലയിലേക്ക് എറിഞ്ഞു മുറിവേൽപ്പിച്ച ശേഷം വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കത്രികകൊണ്ട് സുന്ദരൻ്റെ നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സുന്ദരൻ്റെ മകൾ പ്രിയയും, ഭാര്യ വസന്തയും, അയൽവാസികളും ചേർന്ന് സുന്ദരനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി സുന്ദരൻ മരണപ്പെടുകയായിരുന്നു. സംഭവത്തിന് മൂന്നാംനാൾ പ്രതിയെ ചുള്ളിമാനൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2017 മുതൽ ജുഡീഷ്യൽ കസ്റ്റഡിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്.
കൃത്യം കണ്ട ദൃക്സാക്ഷികളായ പ്രതിയുടെ ഭാര്യ പ്രിയയും മരണപ്പെട്ട സുന്ദരൻ്റെ ഭാര്യ വസന്തയും കൃത്യത്തെ കുറിച്ച് കോടതി മുമ്പാകെ മൊഴിനൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖി ആർ.കെ, ദേവിക അനിൽ എന്നിവർ ഹാജരായി. 17 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 20 രേഖകളും 8 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിതുര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ തിരുവനന്തപുരം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ആയ കെ. ബി. മനോജ് കുമാർ ആണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
