തിരുവനന്തപുരം:ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ അഞ്ചാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിൽ സ്ത്യുതർഹ സേവനം ചെയ്യുന്ന ട്രാഫിക് ഉദ്യോഗസ്ഥനെ ആദരിച്ചു.
ദേശീയ പാത 47 കടന്ന് പോകുന്ന ഗതാഗത കുരുക്ക് ഏറെയുള്ള കണിയാപുരത്തെ ട്രാഫിക് ഉദ്യോഗസ്ഥനാണ് സ്റ്റീഫൻസൺ.കഴിഞ്ഞ പത്ത് വർഷക്കാലമായി കനത്ത ട്രാഫിക് ബ്ലോക്കുകൾക്കിടയിലും പൊതുജനങ്ങളേയും വാഹന യാത്രക്കാരെയും ഇളം പുഞ്ചിരിയോടെ ഏതിരേൽക്കുന്ന കെ സ്റ്റീഫൻസണിനെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ആദരിച്ചത്.
അഭിമാനത്തോടെ നീതി ചോദിക്കുക , പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് നടന്നത്.ആലുംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ ജില്ല സെക്രട്ടറി അംജദ് റഹ്മാൻ ഉപഹാരം സമ്മാനിച്ചു. ഫ്രറ്റേണിറ്റി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയംഗം സുനിൽ സുബ്രഹ്മണ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.സ്റ്റീഫൻസണിനുള്ള ഫ്രറ്റേണിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം സെക്രട്ടറി മുഫീദ എസ് ജലീലും സുമീറ ആദിലും ചേർന്ന് കൈമാറി. ഫൗസിയ, അൻസാർ പാച്ചിറ, സാദിഖ്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.