പള്ളിക്കൽ: അനധികൃത മദ്യ കച്ചവടം നടത്തിയ പ്രതി അറസ്റ്റിൽ.മടവൂർ പുലിയൂർക്കോണം മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ സമീർ(32)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് അനധികൃത മദ്യ കച്ചവടം നടത്തിയതിന് പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിലാകുന്നത്.
കടയ്ക്കൽ, കിളിമാനൂർ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും കുറഞ്ഞ മദ്യം വലിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്താണ് പ്രതി മദ്യ കച്ചവടം നടത്തിയിരുന്നത്.ഒരു കുപ്പിക്ക് 100 മുതൽ 200 രൂപ വരെ കൂട്ടിയാണ് ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നത്.
ഒരുദിവസം ഓർഡർ അനുസരിച്ച് പലപ്രാവശ്യം പ്രതി ബിവറേജിൽ പോവുകയും വാങ്ങിക്കൂട്ടുന്ന മദ്യം വീട്ടിൽ സൂക്ഷിക്കാതെ ഒഴിഞ്ഞ പറമ്പുകളിലും പാറക്കെട്ടുകളിലും ആയിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഡിപ്പാർട്ട്മെൻറ് വീട്ടിൽ റെയ്ഡ് നടത്തുമെന്നുഉള്ളതിനാൽ ഇയാൾ വളരെ കരുതലോടെ മാത്രമേ മദ്യം സൂക്ഷിക്കുകയുള്ളൂ.
എല്ലാദിവസവും ഇയാളുടെ സ്ഥിരം കസ്റ്റമേഴ്സ് വിളിക്കുകയും അവർ ആവശ്യപ്പെടുന്ന മദ്യം ഇയാൾ പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുകയും ചെയ്യും. ദൂരം കൂടുന്നതിനനുസരിച്ച് മദ്യത്തിൻറെ വിലയും കൂടും. ഒരു ദിവസം 50 കുപ്പികൾ വരെ ഇയാൾ കച്ചവടം നടത്തുന്നുണ്ട്. ഒന്നാംതീയതി പോലുള്ള ദിവസങ്ങളിൽ 100 കുപ്പികൾ വരെ കച്ചവടം നടത്തും.അന്നേദിവസം വിലയും കൂടുതലായിരിക്കും. മദ്യത്തിൻറെ ഓർഡർ കിട്ടിയാൽ 15 മിനിറ്റിനകം ഇയാൾ മദ്യം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഒരു ദിവസം 5000 രൂപ വരെ വരുമാനം ഉണ്ടാക്കുമായിരുന്നു. ഇയാളുടെ കൈവശം നിന്നും നിലവാരം കുറഞ്ഞ മദ്യം വാങ്ങി കഴിച്ചു നിരവധി പ്രശ്നങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളുടെ മദ്യ കച്ചവടത്തെ പറ്റി നിരവധി പരാതികളാണ് പള്ളിക്കൽ പൊലീസിന് ലഭിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്.
തങ്കക്കല്ല് ക്യാഷ്യു ഫാക്ടറിക്ക് സമീപംവെച്ച് ഓട്ടോറിക്ഷയിൽ മദ്യം കയറ്റി ചില്ലറ വില്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. മദ്യ ക്കച്ചവടം നടത്തിയ വകയിൽ 7000 രൂപയും ഇയാളുടെ കൈവശം നിന്നും കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ മദ്യം പോലീസിന് ലഭിച്ചു. ഇയാൾക്കെതിരെ പള്ളിക്കൽ പോലീസ് അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഓട്ടോറിക്ഷ കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടം. ഇയാൾക്ക് മുമ്പ് കിളിമാനൂർ എക്സൈസ്
കേസും പള്ളിക്കൽ പരിധിയിൽ അടിക്കേസുകളുണ്ട്.
പള്ളിക്കൽ സി.ഐ ശ്രീജിത്ത് പി, എസ്. ഐമാരായ സഹിൽ എം, റഹീം, സിപിഒമാരായ രാജീവ്, സിയാസ്, സന്തോഷ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്