മോഷണ കേസുകളിലെ പ്രതികൾ ആട് മോഷണത്തിന് പിടിയിൽ.വർക്കല കോട്ടുമൂല തൊട്ടിപ്പാലം കനാൽ പുറമ്പോക്ക് വീട്ടിൽ സൈനുദ്ദീൻ(37),വർക്കല ചെറുകുന്നം ചരുവിൽ, പുത്തൻവീട്ടിൽ സാദത്ത് (40),വർക്കല ചിലക്കൂർ കനാൽ പുറമ്പോക്ക് വീട്ടിൽ സിദ്ദിഖ്(29), നാവായിക്കുളം നൈനാംകോണം ഷമീർ മനസ്സിൽ നിന്നും നാവായിക്കുളം പഞ്ചർമുക്ക് കൊടിവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീം( 24) എന്നിവരാണ് പിടിയിലായത്.
വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ആറ് വീടുകളിൽ നിന്നും 14 ആടുകളെ മോഷണം ചെയ്ത കേസിലെ പ്രതികളാണിവർ. ആടുകളെ മോഷ്ടിക്കാനായി രാത്രികാലങ്ങളിൽ ഒതുക്കിയിരിട്ടിക്കുന്ന ഓട്ടോറിക്ഷകൾ മോഷ്ടിച്ച ശേഷം ആ ഓട്ടോറിക്ഷയിൽ കറങ്ങി ആടിനെ മോഷ്ടിക്കുകയും തുടർന്ന് ഓട്ടോറിക്ഷ തിരികെ കിടന്ന സ്ഥലത്തു കൊണ്ടുപോയി ഇടുകയും ചെയ്യുന്നതാണ് ഇവരുടെ മോഷണ രീതി. മോഷ്ടിക്കുന്ന ആടുകളെ കല്ലമ്പലം 28ആം മൈലിലും നാവായിക്കുളത്തും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി ആ പൈസ മദ്യപിച്ച് തീർക്കുന്നതാണ് പതിവ്. പ്രതികൾ മോഷ്ടിച്ച പതിനാലോളം ആടുകളിൽ നാല് ആടുകളെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻ മോഷണ കേസുകളിലെ പ്രതികളെ കുറിച്ച് അന്വേഷിച്ചു വരവെ സൈനുദ്ദീൻ എന്ന പ്രതി സംശയാസ്പദമായ രീതിയിൽ കാണപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു ചോദ്യം ചെയ്തതിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.
വർക്കല ഡിവൈഎസ്പി നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സിഐ പ്രശാന്ത്, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ സനൽ, സിപിഒമാരായ ഷജീർ, ശ്രീജിത്ത്, പ്രശാന്ത്,ഷിറാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്