ചിറയിൻകീഴ് :സ്നേഹത്തിന്റെ കാര്യത്തിൽ അണ്ണാൻ കുഞ്ഞും തന്നാലാതെന്നു തെളിയിക്കുന്ന ഒരു കാഴ്ചയാണിത്. ആറു മാസങ്ങൾക്കു മുൻപ് കൂടു തകർന്ന് തെങ്ങിൻ ചുവട്ടിൽ കിടന്ന തന്നെ രക്ഷിച്ച കൈകൾ തേടി അവൻ എന്നും വരുന്നു. വീട്ടുകാരുടെ സുന്ദരൻ അണ്ണാൻ കുഞ്ഞ്.ഒരു പിടി ആഹാരം ആ കൈകളാൽ നേരിട്ട് കഴിച്ച് സന്തോഷിക്കുന്നു. ചിറയിൻകീഴ്, ചെറുവള്ളിമുക്ക്, കല്യാണിക്കവിള വീട്ടിലാണ് ഈ അപൂർവ്വ സ്നേഹവിരുന്ന് എന്നും നടക്കുന്നത്.
ആറു മാസങ്ങൾക്കു മുൻപാണ് മിനി – സുരേഷ് ദമ്പതികളുടെ പറമ്പിൽ മൂന്ന് പറക്കമുറ്റാത്ത അണ്ണാൻ കുഞ്ഞുങ്ങളെ കണ്ടത്.വീട്ടുകർ സ്നേഹത്തോടെ അവയെ സംരക്ഷിച്ചു. വളർന്നപ്പോൾ ഒരെണ്ണത്തെ ബന്ധുക്കളിലൊരാൾ വർക്കലയിലേക്ക് കൊണ്ടുപോയി. അവൻ അവിടെ ഓടിനടന്നു വളർന്നു.മറ്റു രണ്ടു പേരും മുറ്റത്തും പറമ്പിലും ഓടിനടന്നിട്ടും വീടുവിട്ടു പോകാൻ തയ്യാറായില്ല. രാത്രി ഉറക്കം വീട്ടിനുള്ളിൽ തന്നെയായിരുന്നു.എന്നാൽ രണ്ടാഴ്ച കാലമായി ഒരാൾ പതിവു സന്ദർശനമില്ല.എന്നാൽ മൂന്നു പേരിലും കാണാൻ ചന്തമുള്ള സുന്ദരന്റെ ദിനചര്യക്ക് മാറ്റമില്ല. ഇപ്പോൾ രാത്രിയുറക്കം വീട്ടിൽ അല്ലെങ്കിലും പതിവുകൾക്ക് മുടക്കമില്ല. സ്വന്തം വീടു നിർമ്മിക്കാനുള്ള തിരക്കിലാണവൻ. എന്നാലുംഅതിരാവിലെ തന്നെ അടുക്കള പുറത്ത് എത്തും.പിന്നെ ചുറ്റുവട്ടത്ത് കറക്കം.തുടർന്ന് പത്തു മണിക്ക് ആഹാരത്തിനായി ബഹളം കൂട്ടും.കഴിച്ചാൽ വീടിനോടു ചേർന്ന് ഏതോ മരച്ചില്ലയിൽ കൂടുവയ്ക്കാനുള്ള പരിശ്രമം.നാരും കമ്പുകളുമായി ഓടുന്നതിനിടയിടയിൽവീണ്ടും വീട്ടിലേക്ക് ഒരു സന്ദർശനം. എന്തെങ്കിലും കഴിച്ചാലുടൻ നന്ദിയറിയിച്ച് ചിലച്ചു കൊണ്ട് മടക്കം. കാണാതായ മറ്റൊരാളും എവിടെയോ കൂടൊരുക്കുന്നതിരക്കിലാകുമെന്നാണ് വീട്ടുകാർ കരുതുന്നത്. എന്തായാലും തിരക്കിനിടയിലും തന്റെ പ്രിയപ്പെട്ടവരെ മറക്കാൻ സുന്ദരൻ അണ്ണാൻ കുഞ്ഞ് തയ്യാറല്ല.