കല്ലമ്പലം :യുവാവിനെ പെട്രോൾ ബോംബെറിഞ്ഞും വാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൗദി അറേബ്യയിലേയ്ക്ക് കടന്ന പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേസിലെ 2-ാം പ്രതിയായ പാരിപ്പള്ളി ചാവർകോട് കാട്ടുവിള വീട്ടിൽ ഷമീറിനെ(24)യാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പിടികൂടിയത്.
2018 ഡിസംബർ 14നാണ് സംഭവം. മുത്താനയുള്ള കെവിഎം ബ്രദേഴ്സ് ക്ലബ്ബിൽ 7 പ്രതികൾ സംഘം ചേർന്ന് അതിക്രമിച്ചു കയറി മുത്താന സ്വദേശിയായ നദീമിനെ മുൻവിരോധത്താൽ പെട്രോൾ ബോംബെറിഞ്ഞും വാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതി ഷമീർ കൃത്യത്തിന് ശേഷം സ്ഥലത്തു നിന്നും ഒളിവിൽ പോകുകയും തുടർന്നു സൗദി അറേബ്യയിലേക്ക് കടക്കുകയുമായിരുന്നു. പ്രതിയ്ക്കെതിരെ ലുക്കൌട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ഇക്കഴിഞ്ഞ ജൂൺ 14ന് സൌദിഅറേബ്യയിൽ നിന്നും നാട്ടിലെത്തിയ പ്രതിയെ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഡീപ്പോർട്ട് ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന് മനസ്സിലാക്കിയ പ്രതി വിസ ക്യാൻസൽ ചെയ്ത് തിരികെ നാട്ടിലേക്ക് വരികയുമായിരുന്നു. എന്നാൽ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയാതെയാണ് പ്രതി നാട്ടിലെത്തിയത്.
കേസിലെ ഒന്നാം പ്രതിയും പാരിപ്പള്ളിയിൽ വച്ച് കല്ലമ്പലം പോലീസ് സ്റ്റേഷനിലെ 4 പൊലീസുകാരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുമായ ചാവർകോട് സ്വദേശി മുഹമ്മദ് അനസ് ജാന്റെ അളിയനുമാണ് പിടിയിലായ ഷമീർ.
കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ , എഎസ്ഐ സുനിൽകുമാർ, എസ്.സി.പി.ഒമാരായ അജിത്കുമാർ, ഹരിമോൻ.ആർ, സിപിഒ മാരായ പ്രഭാത്,മദനകുമാർ, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.