കാട്ടാക്കട: മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു. പൂവച്ചൽ പഞ്ചായത്തിലെ കാട്ടാക്കട ചന്തയോട് ചേർന്നുപണിയുന്ന സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും അനുബന്ധ പണികൾ തീർന്നിട്ടില്ല.17 കോടി രൂപ ചെലവിട്ട് ആറുനിലകളിലായി 53.025 ചതുരശ്രയടിയിലാണ് കെട്ടിടംപണി പൂർത്തിയാക്കിയത്. കാട്ടാക്കട താലൂക്ക് ഓഫീസ്,ആർടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, സബ്ട്രഷറി, സബ് രജിസ്ട്രാർ, എജി, ഡിഇ ഓഫീസുകൾ, താലൂക്ക് ഇക്കോണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്നിവയുൾപ്പെടെ കാട്ടാക്കടയിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ഭൂരിപക്ഷത്തിനും ഇവിടെ പ്രവർത്തനസൗകര്യമുണ്ട്. കെട്ടിടത്തിന്റെ പെയിന്റിംഗ്, ഇന്റർലോക്ക് ഫ്ലോറിംഗ്, ഓഫീസുകളുടെ ക്യുബിക്കുൾ പാർട്ടിഷൻ ഇവയാണ് ഇനി തീരാനുള്ളത്. വൈദ്യുതി, ലിഫ്റ്റ് എന്നിവയുടെ ജോലിയും നടക്കുകയാണ് .