മലയിൻകീഴ് : ബൈക്കിടിച്ചത് ചോദ്യം ചെയ്ത പ്രവാസിയെ ബൈക്കിലെത്തിയ സംഘവും ഓട്ടോ ഡ്രൈവറും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വിദേശത്ത് നിന്നും മടങ്ങിയെത്തി കെട്ടിട നിർമാണ കരാറുകാരനായ പാപ്പനംകോട് വിവേകാനന്ദനഗർ രമാനിലയത്തിൽ രാജേഷ് (33) നെയാണ് മർദിച്ചത്. പാപ്പനംകോട് – മലയിൻകീഴ് റോഡിൽ മാർക്കറ്റിന് മുന്നിലാണ് സംഭവം. ബൈക്കിടിച്ചത് ചോദ്യം ചെയ്തപ്പോൾ ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും പിന്നാലെ വന്ന ഓട്ടോ ഡ്രൈവറും ചേർന്ന് മർദിച്ചെന്നാണ് നേമം പോലീസിന് രാജേഷ് നൽകിയ പരാതിയിൽ പറയുന്നത്. മർദനത്തിൽ രാജേഷിന്റെ പല്ലുകൾ ഇളകുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പോലീസാണ് രാജേഷിനെ നേമം താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെ നിന്നും പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.