അഴൂർ : അഴൂരിൽ തെരുവുനായ്ക്കൾ നൂറിലേറെ കോഴികളെ കടിച്ചുകൊന്നു. ഗണപതിയാംകോവിലിന് സമീപം ദേവീ നിവാസിൽ നന്ദകുമാറിന്റെ പൗൾട്രി ഫാമിലെ കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പൗൾട്രിഫാമിലെ വല കടിച്ചുകീറിയാണ് നായകൾ കോഴികളെ കടിച്ചുകൊന്നത്. ഇരുപതിലേറെ കോഴികളെ നായകൾ കടിച്ചുകൊണ്ടുപോയി. ബാക്കിയുള്ളവയെ കൂട്ടിൽ കൊന്നിട്ടു. അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. മാസങ്ങൾക്ക് മുമ്പും ഇതിന് സമാനമായ രീതിയിൽ സമീപത്തെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു.