അയിരൂർ : റിസോർട്ട് ജീവനക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും ഇരുചക്ര വാഹനവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിലായി. വർക്കല ജനാർദ്ദനപുരം സ്വദേശി മഹേഷ് ആണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ജൂലായ് 10 നാണ് കേസിന് ആസ്പദമായ സംഭവം. വർക്കല ക്ലിഫിലെ ഒരു കഫേ എന്ന സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ അയിരൂർ സ്വദേശി അർജുൻ ബാബുവിനെയാണ് പണവുമായി ബാങ്കിലേക്ക് പോകുന്ന വഴിമദ്ധ്യേ ഇരുചക്ര വാഹനം തടഞ്ഞു നിർത്തിയാണ് വാഹനവും പണവും അപഹരിച്ചത്. കത്തി കാട്ടി കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ബാങ്കിൽ അടയ്ക്കാനായി കരുതിയിരുന്ന 35000 രൂപയാണ് പ്രതി ഇയാളിൽ നിന്നും കവർന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ബലം പ്രയോഗിച്ച് പ്രതി പിടിച്ചെടുക്കുകയും തത്സമയം തന്നെ കടന്ന് കളയുകയുമായിരുന്നു. അർജുൻ ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വാഹനവും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.