അഞ്ച് അംഗ ബൈക്ക് മോഷണ സംഘത്തിലെ 3 പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ സ്വദേശി ഷിജോ (22) , വക്കം സ്വദേശി കുക്കു എന്ന് വിളിക്കുന്ന ഷിജു (23) എന്നിവരെ കൂടാതെ 17 കാരനായ പ്ലസ്ടു വിദ്യാർത്ഥിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ നിന്നും മോഷണം പോയ ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 18 , 20 തീയതികളിൽ വർക്കല , കടയ്ക്കാവൂർ സ്റ്റേഷൻ പരിധികളിൽ നിന്നും മോഷണം പോയ പൾസർ ബൈക്കുകൾ ആണ് കണ്ടെടുത്തിട്ടുള്ളത്. ജൂലായ് 18 ന് രാത്രി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കോംബോണ്ടിൽ നിന്നും രാത്രി 10 മണിയോടെ മോഷ്ടിച്ച ബൈക്കുമായി വർക്കലയിൽ എത്തിയ സംഘം പുല്ലാനിക്കോട് സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്‌ഥതയിലുള്ള വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഇതേ വാഹനങ്ങളിൽ മോഷണത്തിനായി രാത്രികാലങ്ങളിൽ കറങ്ങി നടക്കുകയാണ് ഇവരുടെ പതിവ് രീതി. ഇക്കഴിഞ്ഞ ജൂലായ് 20 ന് രാത്രി 12 മണിയോടെ ചെറുന്നിയൂർ സ്വദേശിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കും ഇവർ മോഷ്ടിച്ചിട്ടുണ്ട്. ഉടമസ്ഥരുടെ പരാതിയിന്മേൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് കേസുകളിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.മോഷണ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആണ് കേസിൽ വഴിത്തിരിവ് ആയത്.
മോഷണം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കേസിലെ പ്രധാനികളായ രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഉർജ്ജിതമാക്കിട്ടിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ സംഘത്തിന്റെ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നതായി വർക്കല എസ്എച്ഒ എസ്. സനോജ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെയും വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.