വർക്കല : വർക്കലയിൽ പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വർക്കല പുന്നമൂട് സ്വദേശികളായ മണിരാജ് (28) , അപ്പു (25) , വിഷ്ണു (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വർക്കല എസ്ഐയും 2 എ. എസ്. ഐമാരും ഉൾപ്പെടെ 9 പേർക്ക് നേരെയാണ് മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ കിടങ്ങിൽ പുതുവൽ കോളനി നിവാസികളായ സംഘം ആക്രമണം നടത്തിയത്. പോലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് നേരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ ഒരു സംഘം യുവാക്കൾ മദ്യപിച്ചു പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പ്രശ്നം സൃഷ്ടിക്കുന്നു എന്ന ഫോൺ കാൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇവിടേയ്ക്ക് എത്തുന്നത്. പോലീസിനെ കണ്ടപ്പോൾ തന്നെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ആക്രമണത്തിന് മുതിരുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇവരെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സമീപത്തെ റയിൽവേ പാളത്തിൽ നിന്നും കല്ലുകൾ എടുത്ത് പോലീസിന് നേരെ എറിയുകയും ഇടിക്കുകയും ചെയ്തു എന്നും അസഭ്യവർഷത്തോടെ വീണ്ടും പോലീസിനെ ആക്രമിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വർക്കല എസ് . ഐ . രാഹുൽ, എ. എസ്. ഐമാരായ മനോജ്, ബിജു , സിപിഒമാരായ പ്രശാന്ത്, ശ്യാം ലാൽ , റാം ക്രിസ്റ്റിൻ , ശ്രീജിത്ത് , ഷജീർ , ഹരി കൃഷ്ണൻ എന്നിവർക്ക് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. എസ്ഐ രാഹുലിന്റെ കഴുത്തിലും വയറ്റിലും ഇടിക്കുകയും എ. എസ്. ഐ മനോജിന്റെ വലത് കൈക്ക് സാരമായ ചതവും സംഭവിച്ചിരുന്നു.
തുടർന്ന് വർക്കല സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിലെ പ്രധാന പ്രതികളായ മൂന്ന് പേരെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്തു മൂന്ന് പേരും ജീപ്പിനുള്ളിൽ വച്ചും പോലീസിനെ ആക്രമിച്ചു.. ജീപ്പിന്റെ ഉള്ളിലെ ഡോർ ന്റെ ബീഡിങ് ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. ഏകദേശം പതിനായിരം രൂപയുടെ കേടുപാടുകൾ വാഹനത്തിന് സംഭവിച്ചിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
കസ്റ്റഡിയിൽ ഉണ്ടായുരുന്ന മൂന്ന് പേരുടെ അറസ്റ്റ് ആണ് ഇന്ന് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. ആക്രമിച്ച സംഘത്തിലെ കണ്ടാൽ അറിയാവുന്ന മറ്റ് പ്രതികൾക്കയുള്ള അന്വേഷണം പോലീസ് ഉർജിതപ്പെടുത്തിയിട്ടുണ്ട്. പൊലീസിന് നിർഭയമായും നിയമപരമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് എസ്എച്ച്ഒ എസ്സ് സനോജ് പറഞ്ഞു.