ചിറയിന്‍കീഴ്: അഴൂരില്‍ ഗുണ്ടാ ആക്രമണം. അഴുര്‍ ഗണപതിയാം കോവിലിനുസമീപം കോളിച്ചിറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടാനോടിച്ചു. ഓടി രക്ഷപ്പെട്ട യുവാവിന്റെ ഓട്ടോറിക്ഷ അക്രമികള്‍ അടിച്ചുതകര്‍ത്തു. അഴൂര്‍ കോളിച്ചിറ പുന്നവിള വീട്ടില്‍ സക്കീറിനെയാണ് രണ്ട് ബൈക്കിലായി എത്തിയ നാലുപേര്‍ ചേര്‍ന്ന് വെട്ടാനോടിച്ചത്. അക്രമികളെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവ് സമീപത്തെ കടയില്‍ അഭയം തേടി. അഴൂര്‍ ഗണപതിയാംകോവിലിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അക്രമം. പരാതി നല്‍കിയിട്ടും അക്രമികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് അഴൂര്‍ ക്ഷേത്രത്തില്‍ സമാപിച്ച ഘോഷയാത്രയ്ക്കൊടുവില്‍ നടന്ന തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. ഘോഷയാത്രയില്‍ പങ്കെടുത്തിരുന്ന കോളിച്ചിറ സ്വദേശിയും സക്കീറിന്റെ അയല്‍വാസിയുമായ എട്ടുവയസ്സുകാരനെ തിരികെ വീട്ടിലെത്തിയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് സക്കീര്‍ അഴൂര്‍ ക്ഷേത്രത്തിന് സമീപമെത്തിയത്. എന്നാല്‍ കുട്ടിയെ സക്കീറിനൊപ്പം മടക്കി അയയ്ക്കുവാന് ചിലര്‍ തയാറായില്ല. കുട്ടിയുടെ രക്ഷിതാവിന്റെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന് പറഞ്ഞിട്ടും കുട്ടിയെ സക്കീറിനൊപ്പം വിടില്ലെന്ന് ഘോഷയാത്രയ്ക്ക് നേതൃത്വം നല്കിയവരില് ചിലര്‍ പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ായ തര്‍ക്കമാണ് അക്രമത്തിന് കാരണം. ഘോഷയാത്രയില്‍ പങ്കെടുത്തവരെ തിരികെ വീടുകളിലെത്തിയ്ക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് അടുത്തദിവസമായ വെള്ളിയാഴ്ച ഉച്ചയോടെ അഴൂര്‍ ഗണപതിയാം കോവിലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരുന്ന സക്കീറിനെ ലക്ഷ്യമാക്കി രണ്ട് ബൈക്കുകളിലായി നാലുപേര്‍ വാളുമായി എത്തി ഇയാളെ വെട്ടാനായി പാഞ്ഞടുക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ സക്കീര്‍ ഓടി സമീപത്തെ കടയില്‍ കയറി വാതിലടച്ചു. തിരികെയെത്തിയ അക്രമികള്‍ സക്കീറിന്റെ ഓട്ടോറിക്ഷയെ വെട്ടിയും കമ്പികൊണ്ടടിച്ചും തകര്‍ത്തു.