കിളിമാനൂർ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ യുദ്ധങ്ങളിൽ പങ്കെടുത്ത് ഗുരുതര പരുക്കേറ്റ സൈനികരെ ആദരിച്ചു. വക്കം ഖാദർ അനുസ്മരണ വേദി സംഘടിപ്പിക്കുന്ന ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ഓരോ സൈനികരെയും അവരവരുടെ വീടുകളിൽ സംഘാടക സമിതി ഭാരവാഹികൾ പോയി ആദരിക്കുക ആയിരുന്നു. പൊന്നാട അണിയിച്ചും മോമൻ്റോ നൽകിയും ആണ് ആദരിച്ചത്. 1971ലെ ഇന്ത്യ പാക് യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ ജി.രവീന്ദ്രൻ, ശ്രീലങ്കൻ യുദ്ധത്തിൽ ഷെൽ ആക്രമണത്തിൽ 33 ഷെൽ ചീളുകൾ ദേഹത്ത് തുളച്ച് കയറി പരുക്കേറ്റ കിളിമാനൂർ കുന്നുമ്മൽ അമൃത നിവാസിൽ ജെ.തുളസീധരൻ എന്നിവരെയാണ് വീടുകളിൽ എത്തി ആദരിച്ചത്. തുളസീധരൻ്റെ ദേഹത്ത് ഇപ്പോഴും 6 ഷെൽ ചീളുകൾ പുറത്ത് എടുക്കാൻ ബാക്കിയുണ്ട്. ഇവ പുറത്തെടുക്കാൻ ഉള്ള ശ്രമം കൂടുതൽ അപകടത്തിന് കാരണമാകും എന്നതിനാൽ ഇതുവരെ അത് നീക്കിയിട്ടില്ല. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ്, ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം സെലിൻ, എക്സ് സർവ്വീസ് മെൻ ലീഗ് കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി പ്രശോഭകുമാർ, ഭരത് കൃഷ്ണൻ, എബിൻ, നിതിൻ എന്നിവർ പങ്കെടുത്തു.