കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്ക്കെതിരായ മകന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലന്നും പിതാവ്, അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്റെ ഹർജിയിൽ പറഞ്ഞിരുന്നു.
മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി തന്റെ വാദം കേട്ടില്ലെന്നും പ്രോസിക്യുഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും കാണിച്ചാണ് മകൻ സുപ്രീം കോടതിയെ സമീപിച്ചത്.