രണ്ടരക്കോടിയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമാണം തുടങ്ങിയതോടെ മലയൻകീഴിൽ ഒരു സ്വപ്ന പദ്ധതി കൂടി യാഥാർഥ്യമാകുന്നു. ഗവ. വി. എച്.എസ്.എസ്സിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഐ. ബി. സതീഷ് എം.എൽ.എ നിർവ്വഹിച്ചു. പഠനത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ചത് സ്വകാര്യ സ്കൂളുകളാണെന്ന മിഥ്യാധാരണ തിരുത്തും വിധം കാട്ടാക്കട മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ മാറിയതായി എം. എൽ. എ. പറഞ്ഞു. കുട്ടികളെ സാമൂഹിക പ്രതിബദ്ധതയോടെ വളർത്താൻ പൊതുവിദ്യാലയങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും രണ്ടര കോടി ചെലവഴിച്ചാണ് മലയിൻകീഴ് വി. എച്ച്. എസ്. എസ്സിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്നു കോഴ്സുകളിലായി 138 വിദ്യാർത്ഥികളാണ് വി എച്ച് എസ് ഇ യിൽ പഠിക്കുന്നത്. 12,000 സ്ക്വയർ ഫീറ്റിൽ ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികൾ, അഞ്ച് ലാബ് മുറികൾ, ശുചിമുറി ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണവും നടത്തും.
കാട്ടാക്കട മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ പശ്ചാത്തല സൗകര്യ വികസനത്തിനായി വിപുലമായ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വിവിധ എൽ. പി സ്കൂളുകളിലെ കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ എല്ലാ എൽ പി സ്കൂളുകളും ഹൈടെക്കായി മാറും. എട്ടര കോടി രൂപ ചെലവഴിച്ച ‘പെൺപള്ളിക്കൂടം’ (ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) ഉൾപ്പെടെ മലയൻകീഴ് പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ നിർമിച്ചു കഴിഞ്ഞു.