നെടുമങ്ങാട് : കരിപ്പൂര് വില്ലേജോഫീസ് കെട്ടിടം നിർമ്മാണം പൂർത്തിയാവും മുമ്പേ തകർച്ചയുടെ വക്കിലെന്ന് പരാതി. നിർമ്മാണം പൂർത്തിയായപ്പോൾ കെട്ടിടത്തിന്റെ പിറകുവശത്തെ ചുമര് 25 അടിയോളം നീളത്തിൽ പൊട്ടി മാറി. 40 ലക്ഷം രൂപ ചെലവിട്ട് 1200 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടമാണ് തകർന്നത്. വെള്ളക്കെട്ടുള്ള പ്രദേശത്ത് കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ നാട്ടുകാരും പൊതുപ്രവർത്തകരും പരാതി ഉന്നയിച്ചിരുന്നു. സ്മാർട്ട് വില്ലേജോഫീസായി ഉയർത്തി, പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പുതിയ കെട്ടിടത്തിന്റെ പണി. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ.ജയദേവന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും കൗൺസിലർമാരും കെട്ടിടം സന്ദർശിച്ച് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടു. പില്ലറുകൾ തീർക്കാതെ കെട്ടിടം പണിതതാണ് ബലക്ഷയത്തിന് ഇടയാക്കിയതെന്നും ഇക്കാര്യം ആരംഭഘട്ടത്തിൽ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും അഡ്വ. ആർ. ജയദേവൻ ചൂണ്ടിക്കാട്ടി. കെട്ടിടം പണിയുടെ മറവിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മന്നൂർക്കോണം സത്യൻ, വാർഡ് കൗൺസിലർ ജെ.ലളിത എന്നിവർ കെട്ടിടം സന്ദർശിച്ചു.