വെമ്പായം: വീട്ടുകാർ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. സ്വർണവും, പണവും, ഇലക്ട്രിക് ഉപകരണങ്ങളും, വിലപിടിപ്പുള്ള വാച്ചുകളും നഷ്ടപ്പെട്ടു.
മേലേ തേക്കട, മെലൂഹയിൽ ഗിരീഷ് ചന്ദ്രബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മോഷ്ടാക്കൾ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്തു. ഗിരീഷ് ചന്ദ്രബാബുവും കുടുംബവും അര കിലോമീറ്റർ അകലെയുള്ള കുടുംബ വീട്ടിൽപോയി പുലർച്ചെയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
പിൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും, രണ്ടു ലക്ഷം രൂപ വിലപിടിപ്പുള്ള രണ്ടു വാച്ചുകളും, മൂന്നു പവൻ വീതം തൂക്കമുള്ള രണ്ടു വളകളും, ഹോം തീയറ്ററിന്റെ വൂഫർ ഉൾപ്പെടെയുള്ള സാധനങ്ങളും അപഹരിച്ചു.പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തെ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ കാറിന്റെ പിൻവശത്തെ ചില്ല് തകർത്തു. വട്ടപ്പാറ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വട്ടപ്പാറ സർക്കിൾ ഇൻസ്പക്ടർ ബിജുലാൽ പറഞ്ഞു.