ആറ്റിങ്ങൽ : കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു നടപടികൾ നടന്നു വരവേ അലൈന്മെന്റിൽ മാറ്റം വരുത്തി സ്ഥലം മാർക്ക് ചെയ്യുന്നെന്ന പരാതിയുമായി ഭൂ ഉടമകൾ. ദേശീയ പാത അതോറിറ്റി കരാർ നൽകിയ ഏജൻസി 3ഡി നോട്ടിഫിക്കേഷൻ വന്ന് ഉടമകൾക്ക് നഷ്ട പരിഹാരം നൽകിയ ഭൂമിക്ക് പുറമെ അനധികൃതമായി ഭൂമി ഏറ്റെടുക്കുന്ന തരത്തിൽ മാർക്ക് ചെയ്യുന്നുവെന്നാണ് വ്യാപകമായി പരാതി ഉയരുന്നത്. ഭൂമി ഏറ്റെടുക്കുന്ന അലൈൻമെന്റ് പ്രകാരം സ്ഥാപിച്ച കല്ലുകൾക്ക് അപ്പുറം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മാർക്ക് ചെയ്ത് സ്ഥലം കൈക്കലാക്കാനുള്ള ശ്രമമാണോ എന്നാണ് ഉടമകൾ സംശയം പ്രകടിപ്പിക്കുന്നു. നഷ്ടമാകുന്ന ഭൂമിക്കാണ് നഷ്ടപരിഹാരം നൽകിയത്, അപ്പോൾ നോട്ടിഫിക്കേഷൻ വരാത്ത സ്ഥലം യാതൊരു അറിയിപ്പോ നഷ്ടപരിഹാരമോ നൽകാതെ മാർക്ക് ചെയ്ത് ഏറ്റെടുക്കാൻ ആണോ ഉദ്ദേശം എന്നാണ് ഭൂ ഉടമകൾ ചോദിക്കുന്നത്. അങ്ങനെ അനധികൃതമായി ഭൂമി മാർക്ക് ചെയ്ത് കയ്യേറാൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റം ആണെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ഭൂ ഉടമകൾ പറയുന്നത്.