ചിറയിൻകീഴ്: മുതലപൊഴിയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം പെരുകുന്നതായി പരാതി. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മുതലപ്പൊഴി. അഞ്ചുതെങ്ങ് മുതലപ്പൊഴി കടലിന്റെയും കായലിന്റെയും പ്രകൃതി ഭംഗി ആസ്വദിക്കുവാൻ ദിവസേന സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധിപേരാണ് മുതലപ്പൊഴി പാലത്തിലും പരിസരപ്രദേശങ്ങളിലുമായ് എത്തിച്ചേരുന്നത് എന്നാൽ വൈകുന്നേരം മുതൽ ഈ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം ഉള്ളതായി ആളുകൾ പറയുന്നു. ഈ പ്രദേശത്തെ വഴിവിളക്കുകൾ തെളിയാത്തതാണ് സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുവാനുള്ള കാരണമെന്നും നാട്ടുകാരും വിനോദസഞ്ചാരികളും പറയുന്നു.
ലഹരി ഉപയോഗിച്ച് ഇവിടെ എത്തുന്ന സംഘങ്ങൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങളോട് ഉൾപ്പെടെ മോശമായി പെരുമാറുന്നതായി പറയുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശത്തെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കിയും പ്രദേശത്ത് പോലീസ് പെട്രോളിങ് ഉൾപ്പെടെയുള്ളവ ശക്തമാക്കിയും ഈ മേഖലയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം.