അഴൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണമെന്ന കായിക പ്രേമികളുടെ ആഗ്രഹം അനേക വർഷങ്ങൾ കഴിഞ്ഞിട്ടും നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. സ്റ്റേഡിയം നിർമ്മിക്കുന്നതിനായി അഴൂർ ഗവൺമെന്റ് ഹൈസ്കൂളിനോട് ചേർന്ന് 73 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തിന്റെ കൈവശമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 1991ൽ സ്റ്റേഡിയം നിർമ്മാണ കമ്മിറ്റിയാണ് സ്റ്റേഡിയം നിർമ്മാണത്തിനായി 73 സെന്റ് സ്ഥലം ഇവിടെ വാങ്ങിയത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന കുന്നിന്റെ മുക്കാൽ ഭാഗവും ഇടിച്ചു നിരത്തി തുറന്ന കളിസ്ഥലം നിർമ്മിക്കുകയായിരുന്നു. കാലങ്ങളായി ഈ ഗ്രൗണ്ടിലാണ് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ കായിക മത്സരങ്ങളും. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളും നടക്കുന്നത്. മാത്രമല്ല സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പരേഡും ഇവിടെയാണ് നടക്കുന്നത്.
ഈ ഗ്രൗണ്ടിൽ മിനി സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ രണ്ടു വർഷം മുമ്പ് അന്നത്തെ എംപി എ. സമ്പത്തിന്റെ നിർദ്ദേശപ്രകാരം മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഗ്രീൻ റൂം, ഹാൾ, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ അടങ്ങുന്നവയായിരുന്നു എസ്റ്റിമേറ്റ്. എസ്റ്റിമേറ്റ് തയ്യാറാക്കിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
അഴൂർ മേഖലയിലെ പല കായികതാരങ്ങളും മറ്റ് ദൂരസ്ഥലങ്ങളിൽ പോയാണ് പരിശീലനത്തിൽ ഏർപ്പെടുന്നത്. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും വളർന്നുവരുന്ന കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നതിനുമായി അഴൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മിനി ഇന്റർ സ്റ്റേഡിയം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക്, മുൻഗണന നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.