മംഗലപുരം: പുസ്തകങ്ങളിൽ മഹാത്മ ഗാന്ധിയുടെ സ്റ്റാമ്പ് സൂക്ഷിച്ചിരുന്ന കാലത്ത് നിന്നും സ്റ്റാമ്പ് രൂപത്തിലെ ലഹരി പുസ്തകങ്ങളിൽ ഒളിപ്പിക്കുന്ന കാലത്തേക്ക് ഇന്നത്തെ തലമുറയിലെ ചില വിദ്യാർത്ഥികൾ എങ്കിലും മാറിയതായും ഇവരെ ലഹരി മാഫിയയിൽ നിന്നും രക്ഷിക്കുവാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാഗ്രത സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു തോന്നക്കലിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് മംഗലപുരം ജംഗ്ഷനിൽ സമാപിച്ചു. മംഗലപുരം പോലീസ്, മുരുക്കുംപുഴ സെൻ്റ് അഗസ്റ്റിൻ സ്കൂൾ എന്നിവരുമായി സഹകരിച്ച് ആണ് റാലി നടത്തിയത്. ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് റഹീം, പഞ്ചായത്ത് അംഗം ശ്രീ ചന്ദ്, സഞ്ജു, നസീർ എന്നിവർ സംസാരിച്ചു.