അഭിഭാഷകന്‍ ചമഞ്ഞ് യുവതിയില്‍ നിന്നും 70 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍.

ചിറയിന്‍കീഴ്‌ ആനത്തലവട്ടം സ്വദേശിയായ യുവതിയെയും പ്രവാസിയായ ഭര്‍ത്താവിനെയും അഭിഭാഷകര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനെന്ന വ്യാജേന 2020 ആഗസ്റ്റ്‌ മാസം മുതല്‍ 2022 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവില്‍ പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചിരുന്ന സുഭാഷ് എന്നും, വിഷ്ണു കൈലാസ് എന്നും വിളിക്കുന്ന നെല്ലനാട്, പരമേശ്വരം സ്വദേശി ശങ്കര്‍ദാസ് എന്നയാളും, ഇയാളുടെ കൂട്ടാളി കൈതമുക്ക്, പാല്‍കുളങ്ങര സ്വദേശി അരുണ പാര്‍വതിയേയും തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യ ഐ പി എസ് ന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം റൂറല്‍ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ കെ ജെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന 8 മാസം ഗര്‍ഭിണിയായിരുന്ന യുവതി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. യുവതി കോറണ്ടൈന്‍ ലംഘിച്ചുവെന്നാരോപിച്ച് അയല്‍ക്കാരും നാട്ടുകാരും ചിറയിന്‍കീഴ്‌ പോലീസില്‍ പരാതി നല്‍കുകയും അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വിഡിയോ പ്രതികള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ പരിചയപ്പെട്ടു. കോറണ്ടൈന്‍ ലംഘിച്ച കേസ് പ്രതികള്‍ വാദിക്കാം എന്നും, തുടര്‍ന്ന് കേസ് കോടതിയില്‍ പരാജയപ്പെട്ടതിനാല്‍ ഹൈകോടതിയില്‍ കേസ് നടത്തണം എന്നും, വിസ തട്ടിപ്പ് കേസിലെ പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേര് കൂടി പറഞ്ഞു എന്നും, ആയതിനാല്‍ അദ്ദേഹത്തിന് ഇനി നാട്ടില്‍ വരാന്‍ കഴിയില്ല എന്നും, ആ കേസ് കൂടി പ്രതികള്‍ വാദിക്കാം എന്നും, കേസുകളുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് യുവതിയെയും ഭര്‍ത്താവിനെയും കാണിച്ചും അയച്ച് കൊടുത്തും പണം ആവശ്യപ്പെടുകയും, യുവതിയെയും ഭര്‍ത്താവിനെയുംകൊണ്ട് വസ്തുവകകള്‍ വില്‍പ്പിച്ചും സ്വര്‍ണ്ണം പണയം വയ്പ്പിച്ചും 70 ലക്ഷം രൂപ പലപ്പോഴായി കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.

ഭാര്യയുമായി പിണങ്ങിയശേഷം അരുണാ പാര്‍വതിയോടൊപ്പം വക്കീല്‍ എന്ന വ്യാജേന ശങ്കര്‍ ദാസ് വിവിധ വീടുകളിലും ഫ്ലാറ്റുകളിലും മാറി മാറി താമസിച്ചും, വ്യാജ രേഖകള്‍ കാണിച്ചും, മറ്റുള്ളവരുടെ പേരില്‍ വാഹനങ്ങള്‍ ലോണില്‍ സ്വന്തമാക്കി, വിവിധ പേരുകളില്‍ കറങ്ങി നടന്ന് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികള്‍.

തട്ടിപ്പ് മനസിലായ പരാതിക്കരിയും കുടുംബവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ചിറയിന്‍കീഴ്‌ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ കെ ജെ യുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ.ഗിരീഷ്, സിന്ധു, പ്രതീഷ്, സാജു, ആല്‍ബിന്‍, ദിനേശ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളുടെയും മറ്റും അടിസ്ഥാനത്തില്‍ പ്രതികള്‍ മറ്റ് ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!