നിരവധിയാളുകളുടെ ജീവഹാനിക്ക് ഇടയാക്കിയ കല്ലാറില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. അപകടകരമായ കയങ്ങളെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നതിന് വേണ്ട സംവിധാനങ്ങള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിക്കണമെന്ന് ജി സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദേശിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ ഏറെ നാളായി അടഞ്ഞു കിടക്കുന്ന പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ റോഡുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അരുവിക്കര മണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകളെക്കൂടി ഗോത്ര സാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെ.ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ബാലരാമപുരം- വഴിമുക്ക് റോഡിന്റെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. വെമ്പായം ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം അപകടകരമായ അവസ്ഥയിലായിരുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. വഴിയില – നെടുമങ്ങാട് റോഡിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പോത്തന്‍കോട് മിനി സിവില്‍ സ്റ്റേഷനില്‍ പൈപ്പ് ലൈന്‍ ജോലികള്‍ പൂര്‍ത്തിയായി. വട്ടപ്പാറ എം. സി റോഡില്‍ തിരക്കുള്ള സമയങ്ങളില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കും. മടവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ് അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ബിജു വി. എസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.