ചിറയിന്‍കീഴ് : ചിറയിൻകീഴിൽ ഓട്ടോ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഷിനു(32)വിനാണ് തലയ്ക്കു വെട്ടേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ചില ഓട്ടോഡ്രൈവർമാർ വർഷങ്ങളായി ചിറയിൻകീഴ് കടയ്ക്കാവൂര്‍ റൂട്ടിൽ അനധികൃത പാരലല്‍ സര്‍വ്വീസ് നടത്തി വന്നിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് സംയുക്ത യൂണിയൻ ചേർന്ന് പാരലൽ സർവീസ് നടത്താൻ പാടില്ലെന്ന തീരുമാനം കൈകൊണ്ടു. പാരലൽ സർവീസ് നടത്താൻ പാടില്ലെന്ന നിർദ്ദേശത്തിനുശേഷം പാരലൽ സർവീസ് നടത്തിയ ഒന്നു രണ്ട് ഓട്ടോ ഡ്രൈവർമാരെ മറ്റ് ഓട്ടോ തൊഴിലാളികൾ ചേർന്ന് പോലീസിലേൽപ്പിച്ചു താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഓട്ടോസ്റ്റാൻഡിൽ അനധികൃത പാരലൽ സർവീസ് പാടില്ല എന്ന ബോർഡ് സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി സുരേഷ് അനധികൃതമായി പാരലൽ സർവീസ് നടത്തുകയാണുണ്ടായത്. മൂന്നുതവണ പാരലൽ സർവീസ് നടത്തിയതിനുശേഷം നാലാമത്തെ തവണ യാത്രക്കാരുമായി പാരലൽ സർവീസ് നടത്താൻ മുതിർന്ന സുരേഷിനെ ചില ഓട്ടോ തൊഴിലാളികൾ ചേർന്ന് തടയുകയായിരുന്നത്രേ. തുടർന്ന് സുരേഷ് ഓട്ടോയിൽ കയറിയ യാത്രക്കാരെ ഇറക്കിയ ശേഷം വീട്ടിൽ ചെന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വെട്ടുകത്തി വീശി മറ്റുള്ളവരെ ഭീതിപ്പെടുത്തുന്നതിനിടയിൽ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ ഷിനുവിന്റെ തലയ്ക്ക് വെട്ടേറ്റതാണെന്നും നാട്ടുകാർ പറയുന്നു. ഉടൻ തന്നെ മറ്റ് ഓട്ടോ തൊഴിലാളികൾ ചേർന്ന് സുരേഷിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലയിൽ വെട്ടേറ്റ ഷിനുവിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു