ആറ്റിങ്ങൽ : വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിചയക്കാരിയായ സ്ത്രീയെ ഓട്ടോയിൽ കയറ്റി വീടിന് സമീപം ഇറക്കിയ ശേഷം ലൈംഗിക അതിക്രമത്തിന് മുതിർന്ന സംഭവത്തിലാണ് തേക്കിൻകാട് സ്വദേശി രാജേഷ് എന്ന ആളിനെ കോടതി മൂന്നുവർഷം തടവിനും 10,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവായത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്.
2014 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകന് വിദേശത്ത് പോകുന്ന ആവശ്യത്തിലേക്ക് പണം കടം വാങ്ങി വരവേയാണ് ഓട്ടോ ഡ്രൈവർ ആയ പ്രതി വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞു ഓട്ടോയിൽ കയറ്റി കൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. അതിക്രമത്തിൽ പരിക്കുകൾ സംഭവിച്ച അതിജീവിതയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം പ്രതിക്കെതിരെ നിലനിൽക്കുന്നതല്ല എന്നും, അതിജീവിതയ്ക്ക് നേരെ ബലാത്സംഗ ശ്രമം പ്രതിയുടെ ഭാഗത്തു നിന്നുണ്ടായി എന്നത് പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷി മൊഴികളാലും രേഖകളാലും തെളിയിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. പതിനായിരം രൂപ പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.
ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ ആർ ബിജു രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.