ആറ്റിങ്ങൽ : ദേശീയ പാതയിൽ ആലംകോട് ജംഗ്ഷനിൽ വാഹനാപകടം. ഇന്ന് രാവിലെ 6മണിയോടെയാണ് സംഭവം. കിളിമാനൂർ ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേക്ക് കോൺക്രീറ്റ് മിക്സിങ് മെഷീൻ കെട്ടി വലിച്ചു കൊണ്ടു വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്ന് വന്ന പാർസൽ സർവീസ് ലോറിയുമാണ് അപകടത്തിൽ പെട്ടത്. കിളിമാനൂർ റോഡിൽ നിന്ന് ആലംകോട് റോഡിലേക്ക് പിക്കപ്പ് വാൻ വളഞ്ഞ് ഇറങ്ങിയ ശേഷം കോൺക്രീറ്റ് മിക്സിങ് മെഷീനിലേക്കാണ് പാർസൽ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ കറങ്ങി ഡിവൈഡറിലേക്ക് ഇടിച്ചു കയറി ചരിഞ്ഞു നിന്നു. മാത്രമല്ല ഇരു വാഹനങ്ങളും കുരുങ്ങിയ നിലയിലുമായി.
3 പേരാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. പാർസൽ ലോറിയിൽ രണ്ടുപേരും. നാട്ടുകാർ അടിയന്തിരമായി ഇടപെട്ട് പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും ലോറിയിൽ ഉണ്ടായിരുന്ന ഒരാളെയും പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിൽ കുടുങ്ങിപ്പോയ പാർസൽ ലോറിയിലെ ഡ്രൈവറെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
