ക്ലാസ് മുറികളില്‍ പഠിച്ച നഴ്‌സറി പാട്ടുകളൊന്നും വേദിയില്‍ അവര്‍ക്ക് വേണ്ട. ഡാന്‍സ് കളിക്കണമെങ്കില്‍ മലയാളം, തമിഴ്, തെലുങ്ക് ഹിറ്റ് ഗാനങ്ങള്‍ തന്നെ വേണം. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി കലോത്സവമാണ് കുരുന്നുകളുടെ തകര്‍പ്പന്‍ കലാപ്രകടനങ്ങളിലൂടെ ശ്രദ്ധേയമായത്. കലോത്സവം ഒ. എസ് അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ മനോജ് അധ്യക്ഷത വഹിച്ചു.
മനോഹരമായ രീതിയില്‍ നൃത്തം ചെയ്യുന്നവരായിരുന്നു കുരുന്നുകളില്‍ അധികം പേരും. തട്ടുപൊളിപ്പന്‍ ഹിറ്റ് പാട്ടുകളുടെ അകമ്പടിയോടെയായിരുന്നു ഡാന്‍സ്. നവമാധ്യമങ്ങളില്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് കുട്ടികള്‍ ചുവടുവെച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കും അത് കൗതുകമായി. വിവിധ അംഗന്‍വാടികളില്‍ നിന്നും എത്തിയ കുട്ടികള്‍ പാട്ട്, നൃത്തം, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തു. എല്ലാ വിദ്യാര്‍ത്ഥികളെയും അരങ്ങിലെത്തിക്കാന്‍ അധ്യാപകരും ശ്രദ്ധിച്ചു.