മലയിന്‍കീഴില്‍ കിടക്ക, തലയിണ എന്നിവ നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. കമ്പനിയുടെ ഭാഗമായ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗവും യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം മൂങ്ങോട് തൊളിക്കോട് ഭാഗത്തെ ശരത് ജെ.വി.നായരുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് അപകടം. രാവിലെ ജോലി തുടങ്ങുന്നതിനിടെ ആണ് കൂട്ടിയിട്ടിരുന്ന കൃത്രിമ പഞ്ഞിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. ഉടമ ശരത്തിന്റെ വീടിനോട് ചേര്‍ന്നാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വീടിനു മുന്നില്‍ കഴിഞ്ഞ ദിവസം ഇറക്കിയിട്ട ലോഡ് കണക്കിന് പഞ്ഞിയാണ് ആദ്യം കത്തിയത്. നിമിഷങ്ങള്‍ക്കകം തീ ആളി കത്തി പടര്‍ന്നു.തൊട്ടു മുകളിലുള്ള വീട്ടിലെ മുറിയിലേക്ക് തീ വ്യാപിച്ചു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും ജനലുകളും വാതിലും നശിച്ചു. ഭിത്തികളില്‍ വിള്ളല്‍ ഉണ്ടായി. തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മോട്ടറിന് ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്ന് സംശയിക്കുന്നു.മോട്ടറില്‍ നിന്നുള്ള വയറുകള്‍ കടന്നു പോകുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന പഞ്ഞികളില്‍ ആണ് തീ ഉണ്ടായത്.