കിളിമാനൂർ: കിളിമാനൂർ മഹാദേവേശ്വരം ബിസ്മി മൻസിലിൽ ഹാമിൽ (48)നെ രാത്രിയിൽ വീടുകയറി മർദിച്ചതായി പരാതി. പരിക്കേറ്റ ഹാമിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി 11-മണിയോടെ വീട്ടിൽ ആരോ ബെല്ലടിച്ചു. വിളക്ക് തെളിച്ച് ജനാലയിലൂടെ നോക്കുമ്പോൾ ഒരാൾ തന്റെ ഓട്ടോറിക്ഷ റോഡിൽ പുതഞ്ഞുപോയെന്നും പുറത്തെടുക്കാൻ സഹായിക്കണമെന്നും പറഞ്ഞു. ഹാമിൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ പതുങ്ങിനിന്ന മൂന്നുപേർ കുറുവടികളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
നിലവിളികേട്ട് അയൽവാസികൾ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ഹാമിൽ കേശവപുരം ആശുപത്രിയിലും തുടർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിലും ചികിത്സതേടി.
ഒരുകൈയ്ക്ക് പൊട്ടലും ദേഹമാസകലം ചതവുമേറ്റിട്ടുണ്ട്. ആയൂർ, അഞ്ചൽ ഭാഗങ്ങളിൽ ലോട്ടറിവിറ്റ് ഉപജീവനം നടത്തുന്നയാളാണ് ഹാമിൽ. സംഭവം സംബന്ധിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്ക് പാരാതി നല്കിയിട്ടുണ്ട്.